കൊയിലാണ്ടിയിൽ പാഴ്വസ്തുക്കൾ കൊണ്ട് കൂറ്റൻ പ്ലാസ്റ്റിക് കളം ഒരുക്കി ഹരിത കർമ്മ സേന; പരിസ്ഥിതി സംരക്ഷണ മാതൃകയ്ക്ക് നഗരസഭയുടെ അഭിനന്ദനം

കൊയിലാണ്ടി: നിസ്സാരമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾക്കും പാഴ്വസ്തുക്കൾക്കും സർഗ്ഗാത്മകതയിലൂടെ പുനർജന്മം നൽകി കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ. നഗരസഭയുടെ എം.സി.എഫ്.സി (Material Collection Facility) കേന്ദ്രത്തിൽ ശേഖരിച്ച അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് സേനാംഗങ്ങൾ ഒരുക്കിയ കൂറ്റൻ പ്ലാസ്റ്റിക് അത്തക്കളം നാടിന് വേറിട്ടൊരു കാഴ്ചയായി മാറി.നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകൾ, ഉപയോഗശൂന്യമായ പേപ്പറുകൾ, മറ്റ് അജൈവ വേസ്റ്റുകൾ എന്നിവയാണ് ഈ വിസ്മയ പൂക്കളം ഒരുക്കാൻ ഉപയോഗിച്ചത്. സാധാരണ പൂക്കളം ഒരുക്കുന്നതിനേക്കാൾ ഇരട്ടിയിലധികം സമയവും കഠിനാധ്വാനവും ഇതിനായി വേണ്ടിവന്നുവെന്ന് ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു.

ശേഖരിച്ച മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച്, ഓരോ നിറങ്ങൾക്കനുസരിച്ച് വേർതിരിച്ച്, അതീവ ശ്രദ്ധയോടെ അടുക്കി ചിട്ടപ്പെടുത്തിയാണ് മനോഹരമായ കളം തയ്യാറാക്കിയത്.വലിച്ചെറിയുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്താനും, കൃത്യമായ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം വിളിച്ചോതാനുമാണ് തങ്ങൾ ഇത്തരമൊരു ശ്രമം നടത്തിയതെന്ന് അവർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയൊരു സന്ദേശം പൊതുസമൂഹത്തിന് നൽകിയ ഹരിത കർമ്മ സേനാംഗങ്ങളെ നഗരസഭ അധികൃതർ നേരിട്ടെത്തി അഭിനന്ദിച്ചു. അംഗങ്ങളായ  സുനില കെ, എം പി റീന, ശാലിനി, കെ സി ശാന്ത, പി എം സരിജ എന്നിവരാണ് നേതൃത്വം നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!