കൊയിലാണ്ടി വികസന കോൺക്ലേവ്: ക്രൂയിസ് ടെർമിനൽ സാധ്യത പരിശോധിക്കുമെന്ന് വി.ഡി. സതീശൻ

കൊയിലാണ്ടിയില്‍ ക്രൂയിസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘വിഷന്‍ കൊയിലാണ്ടി @ 2040’ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 29 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കൊയിലാണ്ടിയില്‍ കടലിന് ആവശ്യത്തിന് ആഴമുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. അനുകൂല റിപ്പോര്‍ട്ട് ലഭിച്ചാല്‍ ക്രൂയിസ് ടെര്‍മിനല്‍ നടപടികളുമായി മുന്നോട്ടുപോകും. വലിയ ക്രൂയിസ് കപ്പലുകള്‍ക്ക് ആവശ്യമായ ആഴമില്ലെങ്കില്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ സാധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രൂയിസ് ടെര്‍മിനല്‍ യാഥാര്‍ഥ്യമായാല്‍ കൊയിലാണ്ടിയുടെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സംരംഭങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കാനും സാധിക്കും. കപ്പല്‍ നിര്‍മാണം, അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിലും കൊയിലാണ്ടിയില്‍ സാധ്യതയുണ്ട്. ‘വിഷന്‍ സമുദ്ര’ പദ്ധതിയുടെ ഭാഗമായി ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കും.

തിരുവങ്ങൂര്‍ ഐ.ടി. പാര്‍ക്ക്, കെല്‍ട്രോണിന്റെ പുതിയ കേന്ദ്രം, വെറ്ററിനറി സര്‍വകലാശാലാ കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും. ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരണം. റീഹാബിലിറ്റേഷന്‍, വെല്‍നസ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്കും സാധ്യതയുണ്ട്. വ്യവസായ മേഖലയിലെ തൊഴില്‍സാധ്യതകള്‍ക്ക് അനുസൃതമായ പുതിയ അക്കാദമിക് കോഴ്‌സുകള്‍ ആരംഭിക്കണമെന്നും, കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരില്‍ കുറഞ്ഞത് 70 ശതമാനം പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ആവിഷ്‌കരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ നഴ്‌സിങ് സീറ്റുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള 11,000-ല്‍ നിന്ന് 30,000 ആയി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും. നിലവില്‍ 50,000-ത്തോളം വിദ്യാര്‍ഥികളാണ് നഴ്‌സിങ് പഠനത്തിനായി കേരളത്തിന് പുറത്ത് പോകുന്നത്. നഴ്‌സിങ് കോളേജുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തുതന്നെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കും.

വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഓരോ പദ്ധതിക്കും സമയപരിധി നിശ്ചയിച്ച് കൗണ്ട്ഡൗണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാഷ്‌ബോര്‍ഡ് വഴി നിരീക്ഷിക്കുന്നുണ്ടെന്നും ജനപ്രതിനിധികള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച് കൊയിലാണ്ടിയെ മാതൃകാ നിയോജകമണ്ഡലമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ചേമഞ്ചേരിയില്‍ നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്ന കലാഗ്രാമം ഉള്‍പ്പെടെയുള്ള ടൂറിസം പദ്ധതികള്‍ക്കും പിന്തുണ നല്‍കും. സംസ്ഥാനത്തെ 100 ടൂറിസം ഡെസ്റ്റിനേഷന്‍ പോയിന്റുകള്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ കൊയിലാണ്ടിയെയും ഉള്‍പ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ‘വിഷന്‍ കൊയിലാണ്ടി @ 2040’ പദ്ധതികളുടെ രൂപരേഖ അടങ്ങിയ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ യു.കെ. ചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ വി.വി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി. ഉഷ എം.പി.യുടെ സന്ദേശം ചടങ്ങില്‍ വായിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന പ്ലീനറി സെഷനില്‍ വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എയുമായി വികസനരേഖ സംബന്ധിച്ച് ചര്‍ച്ച നടത്തി. തിരുവങ്ങൂര്‍ ഐ.ടി. പാര്‍ക്ക്, കൊയിലാണ്ടി ഗവ. സ്‌കൂള്‍ നവീകരണം, കെല്‍ട്രോണ്‍ ഇലക്ട്രോണിക്‌സ് വില്ലേജ്, വെറ്ററിനറി സര്‍വകലാശാലാ ഉപകേന്ദ്രം, സഹകരണ നഴ്‌സിങ് കോളേജ്, 110 കെ.വി. സബ്‌സ്റ്റേഷന്‍, അകലാപ്പുഴ ടൂറിസം, വെളിയന്നൂര്‍ ചള്ളി ഫാം ടൂറിസം, കൊളാവിപ്പാലം ക്രൂയിസ് വെസ്സല്‍ പദ്ധതി തുടങ്ങി 2040-ഓടെ കൊയിലാണ്ടിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികളാണ് ‘വിഷന്‍ കൊയിലാണ്ടി @ 2040’ വികസനരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!