കായിക-പൊതു ഇട പ്രചാരണ യാത്ര: കോഴിക്കോട് ജില്ലയിലെ നഗരസഭാ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രസാദ് വി. ഹരിദാസന്‍

കൊയിലാണ്ടി: കായിക-പൊതു ഇടങ്ങളുടെ വികസനവും ‘ആരോഗ്യ സാക്ഷര കേരളം’ എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി സ്വതന്ത്ര കായിക-പൊതു ഇട ഗവേഷകനും പ്രചാരകനുമായ പ്രസാദ് വി. ഹരിദാസന്‍ നടത്തുന്ന പ്രചാരണ യാത്ര കോഴിക്കോട് ജില്ലയിലെ ഏഴ് നഗരസഭാ ആസ്ഥാനങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി. യാത്രയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെത്തിയ അദ്ദേഹം ചെയര്‍പേഴ്‌സണ്‍ യു.കെ. ചന്ദ്രനുമായി കൂടിക്കാഴ്ച നടത്തുകയും പ്രാദേശിക തലത്തില്‍ പൊതു ഇടങ്ങളും കായിക സൗകര്യങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു.
വടകര, പയ്യോളി, കൊയിലാണ്ടി, കൊടുവള്ളി, മുക്കം, ഫറോക്ക്, രാമനാട്ടുകര എന്നീ നഗരസഭകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ചെയര്‍പേഴ്‌സന്മാരെയും മറ്റ് ജനപ്രതിനിധികളെയും നേരില്‍ കണ്ട് ആശയങ്ങള്‍ കൈമാറുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. ഇതിനു മുന്നോടിയായി ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും അദ്ദേഹം സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കളിക്കള പഞ്ചായത്തായ കണ്ണൂര്‍ ജില്ലയിലെ കേളകം ഗ്രാമപഞ്ചായത്തിലെ ‘പ്ലേ ഫോര്‍ ഹെല്‍ത്തി കേളകം’ പദ്ധതിയുടെ മുഖ്യ ശില്പിയാണ് പ്രസാദ് വി. ഹരിദാസന്‍.












