ജനകീയ കൂട്ടായ്മയിൽ പുത്തലത്ത് കണ്ടി – മണ്ണാറോത്ത് റോഡ് യാഥാർത്ഥ്യമായി; ഉദ്ഘാടനം ഗ്രാമോത്സവമാക്കി നാട്ടുകാർ

കൊയിലാണ്ടി: അധികാരികളുടെ അവഗണനയ്ക്ക് മുന്നില്‍ കൈകെട്ടി നില്‍ക്കാതെ, ജനങ്ങള്‍ സ്വന്തം പണം മുടക്കി നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം അരിക്കുളത്ത് ഗ്രാമോത്സവമായി മാറി. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡും ഉള്‍പ്പെടുന്ന പ്രദേശത്തെ പുത്തലത്ത് കണ്ടി – മണ്ണാറോത്ത് റോഡാണ് നാട്ടുകാര്‍ കൂട്ടായി കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ത്രിതല പഞ്ചായത്തുകള്‍ മുഖേന വര്‍ഷങ്ങളായി റോഡ് നന്നാക്കി കിട്ടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്വന്തം കൈയില്‍ നിന്ന് പണം മുടക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്.

400 മീറ്റര്‍ നീളമുള്ള ഈ റോഡ് ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. പ്രദേശവാസികളുടെ പ്രിയങ്കരനായ തൊഴിലാളി വയനാടന്‍ വീട്ടില്‍ മുനീര്‍ റോഡിലെ യാത്രാ ഉദ്ഘാടനം നിര്‍വഹിച്ചു.

ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ആഹ്ലാദ പ്രകടനവും ഇതോടനുബന്ധിച്ച് നടന്നു. പി. കെ. കുഞ്ഞമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പൊതുപ്രവര്‍ത്തകന്‍ സി. രാഘവന്‍ മുഖ്യാതിഥിയായിരുന്നു. എന്‍. പി. മൂസ്സ, പി. കെ. എം. ആലിക്കുട്ടി, പി. കെ. പദ്മനാഭന്‍, വി. വി. എം. റഷീദ്, രാജീവന്‍ തറോക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍സീര്‍ എം. സ്വാഗതവും റാഷിദ് പി. കെ. നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!