കൊയിലാണ്ടി മരളൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം; വന്‍ ദുരന്തം ഒഴിവായി

കൊയിലാണ്ടി: മരളൂര്‍ നെല്ലൂളിത്താഴെ ഭാഗത്ത് ഇടിമിന്നലേറ്റ് മൂന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വ്യാപക നാശനഷ്ടം. പുതിയോട്ടില്‍ ലീല, പുതിയോട്ടില്‍ പ്രേംനാഥ്, മീത്തലെ പന്തല്ലൂര്‍ നാരായണി എന്നിവരുടെ വീടുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുമാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പുതിയോട്ടില്‍ ലീലയുടെ വീട്ടുമുറ്റത്തെ ചവിട്ടുപടികള്‍ ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചു. അടുക്കളയിലെ രണ്ട് സ്വിച്ച് ബോര്‍ഡുകളും വലിയ ശബ്ദത്തോടെ തകര്‍ന്നു. ബസ് ഇറങ്ങി വരുന്ന മകളെ കാത്ത് ലീല റോഡരികില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അപകടം. ഈ സമയം വീട്ടില്‍ പ്രായമായ സഹോദരി മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും പരിക്കുകളൊന്നും ഏല്‍ക്കാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

പുതിയോട്ടില്‍ പ്രേംനാഥിന്റെ വീട്ടിലെ ബള്‍ബ്, സ്വിച്ച് ബോര്‍ഡ്, ഫാന്‍, മോട്ടോര്‍ എന്നിവയും, മീത്തലെ പന്തല്ലൂര്‍ നാരായണിയുടെ വീട്ടിലെ വോള്‍ ഫാന്‍, ബള്‍ബ്, കെ.എസ്.ഇ.ബി മീറ്റര്‍ എന്നിവയും ഇടിമിന്നലില്‍ തകര്‍ന്നു.
സംഭവത്തെക്കുറിച്ച് നഗരസഭയിലും വില്ലേജ് ഓഫീസിലും വിവരം അറിയിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകള്‍ വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വൈസ് ചെയര്‍പേഴ്‌സണുമായ സി. ടി. ബിന്ദു സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!