കൊയിലാണ്ടിയുടെ സമഗ്ര വികസനത്തിന് വിഷൻ കൊയിലാണ്ടി കോൺക്ലേവ് 27ന്

കൊയിലാണ്ടി: 2040ലെ കൊയിലാണ്ടിയുടെ വികസനത്തിന് ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിഷൻ കൊയിലാണ്ടി കോൺക്ലേവ് 2026 നവംബർ 27ന് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി. കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി, വ്യവസായം, തൊഴിൽ, ടൂറിസം, പരിസ്ഥിതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കൊയിലാണ്ടിയുടെ ഭാവി വികസനം സംബന്ധിച്ച ആശയങ്ങളും നിർദേശങ്ങളും കോൺക്ലേവിൽ ചർച്ച ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ധരും അനുഭവസമ്പന്നരും പങ്കെടുക്കും.
കോൺക്ലേവിന്റെ ഭാഗമായി നവംബർ 25, 26 തീയതികളിൽ ‘കൊയിലാണ്ടി: ഇന്നലെ, ഇന്ന്, നാളെ’ എന്ന പേരിൽ പ്രദർശനവും സംഘടിപ്പിക്കും. നവംബർ 27ന് നടക്കുന്ന കോൺക്ലേവ് ഉദ്ഘാടനവും സംബന്ധിച്ച വിശദാംശങ്ങൾ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള കൂട്ടായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.












