തീരദേശ മേഖലകളിൽ ഭക്ഷ്യസുരക്ഷാ പദ്ധതികൾ വിലയിരുത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

കൊയിലാണ്ടി: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ നടത്തിപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലകളിൽ പരിശോധന നടത്തി. കമ്മീഷൻ അംഗം എം. മുരുകേഷിന്റെ നേതൃത്വത്തിലുള്ള സംഘം വടകര താലൂക്കിലെ ചോറോട്, അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകളിലാണ് സന്ദർശനം നടത്തിയത്. റേഷൻ ഗുണഭോക്താക്കളുടെ വീടുകൾ, റേഷൻ കടകൾ, അങ്കണവാടികൾ, സ്കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, അളവ്, ഗുണനിലവാരം, വിതരണ സംവിധാനം എന്നിവ പരിശോധിച്ചു.

ചോറോട് പഞ്ചായത്തിലെ ആറ് ഗുണഭോക്താക്കളുടെ വീടുകളും ഒരു റേഷൻ കടയും സന്ദർശിച്ചു. അഴിയൂരിലെ രണ്ട് ഗുണഭോക്താക്കളുടെ വീടുകൾ, ചോമ്പാല സൗത്ത് ബീച്ചിലെ അങ്കണവാടി, ഒഞ്ചിയം പഞ്ചായത്തിലെ അങ്കണവാടി, മാടാക്കര കണ്ണൂക്കര ഗവ. ഫിഷറീസ് എ.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഭക്ഷ്യസുരക്ഷാ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശങ്ങൾ നൽകി. ജില്ലാ സപ്ലൈ ഓഫീസർ ഇൻചാർജ് പി.കെ. സുമേഷ്, വടകര തഹസിൽദാർ കെ. ലതീഷ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ എൻ. ജയൻ തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!