തെരുവ് നായക്കൂട്ടം ഓട്ടോയ്ക്ക് പിന്നാലെ ഓടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

കൊയിലാണ്ടി: മുത്താമ്പി – വൈദ്യരങ്ങാടി – കാവുംവട്ടം റോഡില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായക്കൂട്ടം ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഓടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ പിലാത്തോട്ടത്തില്‍ സന്ദീപിന് പരിക്കേറ്റു.
പ്രദേശത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ നായകള്‍ ഓടുന്നത് പതിവായിരിക്കുകയാണ്. ഇതുകാരണം വാഹനങ്ങള്‍ മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് ഇതിനോടകം പരിക്കേറ്റിട്ടുണ്ട്. മുത്താമ്പിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടും കൊയിലാണ്ടി നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മുത്താമ്പി ഭാഗത്ത് ചിലര്‍ പതിവായി തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് മേഖലയില്‍ നായക്കൂട്ടം തമ്പടിക്കാനും ശല്യം രൂക്ഷമാകാനും പ്രധാന കാരണമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












