നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിലാണ് സംഭവം. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.മണ്ണ് കയറ്റിവന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 7.15ഓടു കൂടി നടന്ന അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
ബസ് സ്റ്റോപ്പിന് സമീപം 12ഓളം പേരുണ്ടായിരുന്നു. ഇതിൽ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ടിപ്പർ ലോറിയുടെ അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം.









