ദുരിതത്തിലായിരുന്ന രണ്ട് കുതിരകൾക്ക് സുരക്ഷിത അഭയം

കോഴിക്കോട്: മാസങ്ങളായി വെസ്റ്റ്ഹിൽ–വെള്ളയിൽ മേഖലയിൽ അലഞ്ഞുതിരിഞ്ഞ് ദുരിതത്തിലായിരുന്ന രണ്ട് കുതിരകൾക്ക് ഒടുവിൽ സുരക്ഷിത അഭയം. ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് മൂന്ന് മാസത്തെ പരിപാലനത്തിനായി കുന്നമംഗലം സ്വദേശി അതുൽദാസ് വരിയട്ടേക്കൽപറമ്പിലിന് കുതിരകളെ കൈമാറി.
ഉടമയുടെ അഭാവത്തിൽ ഭക്ഷണവും വെള്ളവും കൃത്യമായ പരിചരണവും ലഭിക്കാതെ അലഞ്ഞുതിരിഞ്ഞിരുന്ന കുതിരകളുടെ ദുരവസ്ഥ നേരത്തെ മാധ്യമശ്രദ്ധ നേടിയിരുന്നു. വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായ ഷിംജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കുതിരകൾ.
പരിപാലനത്തിന് സന്നദ്ധത അറിയിച്ച അതുൽദാസിന് നവംബർ 28-നാണ് കുതിരകളെ കൈമാറിയത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസറും ജില്ലാ എസ്.പി.സി.എ കൺവീനറുമായ ഡോ. മനോജ് ലാലിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി.
വെറ്ററിനറി ഡോക്ടർമാരായ ഡോ. ധനേഷ്, ഡോ. സുനൈന എന്നിവർ കുതിരകളെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി ആവശ്യമായ ചികിത്സാ നടപടികൾ സ്വീകരിച്ചു. വാർഡ് കൗൺസിലർമാരായ ലൈല ബൈജു, പ്രദീപ് എന്നിവരും സന്നിഹിതരായിരുന്നു.
ജില്ലാ കളക്ടറുടെ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം മൂന്ന് മാസത്തേക്കാണ് കുതിരകളെ പരിപാലനത്തിനായി കൈമാറിയത്. തുടർന്ന് കുതിരകളെ അതുൽദാസ് കുന്നമംഗലത്തെ സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോയി. ഏറെക്കാലമായി ദുരിതത്തിലായിരുന്ന മിണ്ടാപ്രാണികൾക്ക് സുരക്ഷിത അഭയം ലഭിച്ചത് മൃഗസ്നേഹികൾക്കും ആശ്വാസമായി.












