ജില്ലയിലെ ആരോഗ്യമേഖലയുടെ പ്രവർത്തന മികവ് വിലയിരുത്തി കേന്ദ്ര കോമൺ റിവ്യൂ മിഷൻ

കോഴിക്കോട്: ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തന മികവ് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കോമൺ റിവ്യൂ മിഷൻ (സി.ആർ.എം) സംഘം ജില്ലയിൽ സന്ദർശനം പൂർത്തിയാക്കി. ഡെപ്യൂട്ടി കമ്മീഷണർ ഡോ. സോയ അലി റിസ്‌വിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പ്രതിനിധി സംഘമാണ് കോഴിക്കോട്, വയനാട് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. റിവ്യു മിഷൻ സംസ്ഥാനതല സമാപനത്തിൽ അഡ്വ. കെ. ജയന്ത് എം.എൽ.എ പങ്കെടുത്തു.

ചൊവ്വാഴ്ച ജില്ലയിലെത്തിയ സംഘം സബ് സെന്ററുകൾ മുതൽ പ്രധാന ആശുപത്രികൾ വരെയുള്ള വിവിധ തലങ്ങളിലെ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. മാതൃ-ശിശു സംരക്ഷണം, മാനവ വിഭവശേഷി, പ്രൈമറി, സെക്കൻഡറി, ടെർഷ്യറി കെയർ ആശുപത്രികളുടെ പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ച് രേഖകൾ അവലോകനം ചെയ്തു. ഒ.പി രോഗികൾ, ഗർഭിണികൾ, വയോജനങ്ങൾ തുടങ്ങി വിവിധ ഗുണഭോക്താക്കളിൽ നിന്ന് സംഘം നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഗവൺമെന്റ് ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി), കൊയിലാണ്ടി താലൂക്ക് ആശുപത്രി, തലക്കുളത്തൂർ സി.എച്ച്.സി, കക്കോടി, കൂടരഞ്ഞി, ചൂലൂർ, കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പയ്യാനക്കൽ, ചെലവൂർ അർബൻ ഹെൽത്ത് സെന്ററുകൾ എന്നിവയും ഇവയ്ക്ക് കീഴിലുള്ള സബ് സെന്ററുകൾ, അംഗൻവാടികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. പരിശോധനാ വിവരങ്ങളും ഗുണഭോക്താക്കളുടെ അഭിപ്രായങ്ങളും അവലോകന യോഗത്തിൽ അവതരിപ്പിച്ചു.

വെള്ളിയാഴ്ച നടന്ന ജില്ലാതല സമാപന സമ്മേളനത്തിൽ എം.എൽ.എമാരായ അഡ്വ. ഫൈസൽ ബാബു, അഡ്വ. വിദ്യാ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള, എൻ.എച്ച്.എം സംസ്ഥാന ഓഫീസ് ഉദ്യോഗസ്ഥർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ആരോഗ്യപ്രവർത്തകർ എന്നിവരും പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!