ബക്രീദിന് രണ്ട് ദിവസം അവധി

കോഴിക്കോട്: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.
നേരത്തെ പ്രഖ്യാപിച്ച അവധി പ്രകാരം മെയ് 27 ബുധനാഴ്ചയായിരുന്നു കേരളത്തിൽ ബക്രീദ് അവധി. എന്നാൽ കഴിഞ്ഞയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലി പെരുന്നാൾ 28ലേക്ക് മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 27ന് പുറമെ 28നും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്.
മെയ് 19 നായിരുന്നു ദുൽഹജ്ജ് ഒന്ന് ഇതനുസരിച്ചാണ് 28 ന് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം മെയ് 28 ലേക്ക് മാറിയതോടെ പെരുന്നാൾ ദിനമായ 28നും അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യമുയർന്നിരുന്നു. ജനങ്ങളുടെയും ജീവനക്കാരുടെയും സൗകര്യം മുൻനിർത്തിയാണ് രണ്ട് ദിവസത്തെ അവധി അനുവദിച്ച് ഉത്തരവിറക്കിയത്.









