മണിയൂര്‍ പോക്സോ കേസ്: പ്രതി റഫീഖിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊയിലാണ്ടി: മണിയൂര്‍ പോക്സോ കേസിലെ പ്രതി റഫീഖിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ അപേക്ഷ പരിഗണിച്ചാണ് കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ നടപടി. കസ്റ്റഡി കാലാവധിയില്‍ വടകര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എന്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
കുടുംബത്തോടൊപ്പം സഞ്ചരിക്കവെ കഴിഞ്ഞ ദിവസമാണ് ചെങ്ങോട്ടുകാവില്‍ വെച്ച് ക്രൈംബ്രാഞ്ച് സംഘം റഫീഖിനെ അറസ്റ്റ് ചെയ്തത്. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. 2026 ജനുവരി 16-നാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനെതിരെ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച് പയ്യോളി പൊലീസ് സ്റ്റേഷന് മാര്‍ച്ചടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജനകീയ പ്രതിരോധം ശക്തമായതോടെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്.
ഒക്ടോബര്‍ 24-ന് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി അവിടെ നിന്നാണ് മുങ്ങിയത്. തുടര്‍ന്ന് ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതി വിധിക്ക് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേ നീക്കുകയും ജാമ്യം റദ്ദാക്കിയ നടപടി ശരിവെക്കുകയും ചെയ്തതോടെയാണ് പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാനായത്.












