സോഷ്യൽ മീഡിയയിൽ റീൽസും വീഡിയോകളും ചെയ്യുന്നവരെല്ലാം മാധ്യമപ്രവർത്തകരല്ലെന്ന് സുപ്രീംകോടതി

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ റീൽസും വീഡിയോകളും ചെയ്യുന്നവരെല്ലാം മാധ്യമപ്രവർത്തകരുടെ ഗണത്തിൽ വരില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ നിയമപരിരക്ഷ ഉറപ്പുനൽകാനാകില്ലെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിക്കുന്നതിലൂടെ ലഭിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ഡൽഹിയിലെ ജന്തർ മന്തറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് കൈകാര്യം ചെയ്തെന്ന പരാതികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതിഷേധസ്ഥലങ്ങളിൽ ക്യാമറയും മൈക്രോഫോണുമായി എത്തുന്ന എല്ലാവരെയും മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെ വാദം. റീൽസ് നിർമ്മിക്കുകയും അവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർമാരെയും അംഗീകൃത മാധ്യമപ്രവർത്തകരെയും ഒരേ വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്നും പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
പത്രമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ടെലിവിഷൻ ചാനലുകളിലും രജിസ്റ്റർ ചെയ്ത ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിക്കുന്നവർക്കും വ്യത്യസ്ത രീതികളിൽ അംഗീകാരം ലഭിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം സോഷ്യൽ മീഡിയയിൽ സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവരുടെ കാര്യത്തിൽ അവരുടെ പ്രവർത്തനവും അംഗീകാരവും പരിഗണിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു.
മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാനപാലനത്തിനുള്ള പൊലീസിന്റെ ഉത്തരവാദിത്തവും തമ്മിലുള്ള സന്തുലിതാവസ്ഥയും കോടതി പരിശോധിക്കും. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ ബലമായി നീക്കം ചെയ്യുന്നത് കസ്റ്റഡിയായി കണക്കാക്കാനാകുമോ മാധ്യമപ്രവർത്തകർക്ക് പൊലീസിൽ നിന്ന് പ്രത്യേക നിയമപരിരക്ഷ ആവശ്യമുണ്ടോ തുടങ്ങിയ വിഷയങ്ങളും കോടതി ഉന്നയിച്ചു.
അതിനിടെ ഏഴ് മാധ്യമപ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്യുകയും അന്യായമായി തടങ്കലിൽ വെക്കുകയും ചെയ്തെന്ന പരാതികൾ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതിക്ക് മുന്നിൽ ഉന്നയിക്കാനും കോടതി നിർദേശിച്ചു.












