കൊയിലാണ്ടി കാട്ടിലെ പീടികയിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊയിലാണ്ടി: കാട്ടിലെ പീടികയിൽ സ്വകാര്യ ബസ്സും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സന്നിധാനം ബസ്സാണ് ജീപ്പുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. റോഡിൽ തടസ്സമായി കിടന്ന വാഹനങ്ങൾ പോലീസ് നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.












