ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവിന് ഗുരുതര പരിക്ക്; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി സ്വദേശി മുനവര്‍ (29) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം 6:30 ഓടെ ചെങ്ങോട്ടുകാവ് റെയില്‍വേ ട്രാക്കിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് യുവാവിനെ തട്ടിയത്. ട്രാക്കിന് സമീപം അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ മുനവറിനെ ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ കൊയിലാണ്ടി പോലീസും ആര്‍.പി.എഫും സംഭവസ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി അറിയിച്ചു.












