ദേശീയ കലകളുടെ വസന്തം കൊയിലാണ്ടിയിലേക്ക്; ‘ഇന്ത്യൻ വസന്തോത്സവം 2026’ ആഗസ്റ്റ് 29-ന്

കൊയിലാണ്ടി: വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന പരമ്പരാഗത കലാരൂപങ്ങളെ ഒരൊറ്റ വേദിയില്‍ അണിനിരത്തുന്ന ‘ഇന്ത്യന്‍ വസന്തോത്സവം 2026’ സാംസ്‌കാരിക കലാവിരുന്ന് ആഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ഹാളില്‍ നടക്കും. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് പുതിയ നിറപ്പകിട്ടേകുന്നതാണ് ഈ ദേശീയോത്സവം.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ഭാരത് ഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 26 മുതല്‍ 30 വരെ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന ‘ഇന്ത്യന്‍ വസന്തോത്സവ’ത്തിന്റെ ഭാഗമായാണ് ആഗസ്റ്റ് 29-ന് കൊയിലാണ്ടിയിലും ഈ വലിയ കലാസംഗമം അരങ്ങേറുന്നത്.

ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് തുടങ്ങി ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാര്‍ തങ്ങളുടെ പാരമ്പര്യ നാടോടി നൃത്തങ്ങളും കലാവിഷ്‌കാരങ്ങളും വേദിയില്‍ അവതരിപ്പിക്കും. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും വിളിച്ചോതുന്ന പരിപാടി കൊയിലാണ്ടിയുടെ കലാ-സാംസ്‌കാരിക ചരിത്രത്തില്‍ ഒരു പ്രധാന നാഴികക്കല്ലാകും.
ഭാരതീയ സംസ്‌കാരത്തിന്റെ മനോഹരമായ ഈ ദൃശ്യവിരുന്ന് ആസ്വദിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നാടന്‍ കലകളെ അടുത്തറിയാനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!