കൊയിലാണ്ടിയിലെ വിദ്യാഭ്യാസ വികസനത്തിന് സർക്കാർ പിന്തുണ; പുതിയ പദ്ധതികൾ പരിഗണനയിൽ

‘വിഷന്‍ കൊയിലാണ്ടി @ 2040’ വികസന കോണ്‍ക്ലേവില്‍ ആശയങ്ങള്‍ പങ്കുവെച്ച് മന്ത്രി
കൊയിലാണ്ടി മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ‘വിഷന്‍ കൊയിലാണ്ടി @ 2040’ വികസനരേഖയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്. കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സ്കൂളുകളുടെ പദവി ഉയര്‍ത്തുന്നതും ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ വര്‍ധിപ്പിക്കുന്നതും പരിഗണിക്കും. ഹൈസ്കൂളുകളുടെ ആധുനികവത്കരണത്തിന് ആവശ്യമായ ലാബ്, ലൈബ്രറി, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കെട്ടിടസൗകര്യമില്ലാത്ത എല്‍.പി. സ്കൂളുകളുടെ നിര്‍മാണത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 6,000 എല്‍.പി., യു.പി. സ്കൂളുകളില്‍ ഡിജിറ്റല്‍ സ്ക്വയറുകള്‍ സ്ഥാപിക്കാനും രണ്ടായിരത്തിലധികം ഹൈസ്കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനത്തിന് സംവിധാനമൊരുക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍നൈപുണി ഉറപ്പാക്കാന്‍ സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വ്യാപിപ്പിക്കും. മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞ അധ്യയനവര്‍ഷം 120 പുതിയ ബാച്ചുകള്‍ അനുവദിച്ച് ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് അധിക പഠനസൗകര്യം ഒരുക്കിയതായും മന്ത്രി പറഞ്ഞു. ആരോഗ്യ, വ്യവസായ, ഗതാഗത മേഖലകളിലെ വികസനസാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപനങ്ങളും എം.എല്‍.എയും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നത് വികസനരേഖയുടെ വിജയത്തിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ അഞ്ച് സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ ആധുനികവത്കരിക്കുന്ന പദ്ധതിയില്‍ ഒന്നോ രണ്ടോ സ്കൂളുകളുടെ ചുമതല വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. എല്‍.പി. സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സഹായം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മാധ്യമപ്രവര്ത്തകന് ഫിജി ജോണി മോഡറേറ്ററായ ചര്‍ച്ചയില്‍ കൊയിലാണ്ടി നഗരസഭാ ചെയര്മാന് യു.കെ. ചന്ദ്രന്, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












