തെരുവ് നായ്ക്കളുടെ ആക്രമണം; പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയിൽ ദിനംപ്രതി വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണം ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയായി മാറിയ സാഹചര്യത്തിൽ, അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
നഗരസഭയുടെ വിവിധ വാർഡുകളിൽ തെരുവ് നായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായിരിക്കുകയാണെന്നും, കുട്ടികൾക്കും വയോജനങ്ങൾക്കും പൊതുജനങ്ങൾക്കും ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമാനുസൃതവും ഫലപ്രദവുമായ അടിയന്തര നടപടികൾ നഗരസഭ സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഉപരോധ സമരത്തിന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ ശ്രീജ റാണി നേതൃത്വം നൽകി. ഡെപ്യൂട്ടി ലീഡർ കെ. എം. നജീബ്, കൗൺസിലർമാരായ രമ്യ മനോജ്, കെ. എം. ഷമീം ,റാഷിദ് മുത്താമ്പി,ആയിഷ ജാസ്മിൻ, നിഷ, ജസ്ലു, തസ്നിയ ടീച്ചർ, ദിനേശൻ, ഷാദിയ ,ഖാദർ, ലാലിഷ,ഹൈറുന്നിസ എന്നിവർ പങ്കെടുത്തു










