പൂക്കാട് കലാലയം ‘ആവണിപ്പൂവരങ്ങ്’: രണ്ടാം ദിനം സംഗീത-വാദ്യ-നടന വിസ്മയമായി

ചേമഞ്ചേരി: കലയും സംസ്കാരവും ജനഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്ന പൂക്കാട് കലാലയത്തിന്റെ 52-ാമത് വാർഷികാഘോഷമായ ‘ആവണിപ്പൂവരങ്ങ് 2026’ രണ്ടാം ദിനത്തിൽ ജനപങ്കാളിത്തം കൊണ്ടും കലാസമൃദ്ധി കൊണ്ടും ശ്രദ്ധേയമായി. സംഗീത-വാദ്യ-നടന കലകളുടെ അപൂർവ്വ സമന്വയമാണ് രണ്ടാം ദിനത്തിൽ കലാലയ അങ്കണത്തിൽ അരങ്ങേറിയത്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാർ അണിനിരന്ന വേദികൾ കാണികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നാണ് സമ്മാനിച്ചത്. ബേബി രാജൻ, ഹേമ ജി നായർ, ഷോളി, നിഷ സന്തോഷ്, ശശിലേഖ, ലത സജിത്ത്, മിജ സുനിൽ, ജസ്ന പി.കെ, ബിൻഷ സി.കെ, ബിസിത, അമൃതപ്രിയ, ആര്യരാജ്, വീണ എന്നിവർ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന നൃത്തപരിപാടികൾ വേദിയെ ചടുലമാക്കി. സുനിൽ തിരുവങ്ങൂർ, അച്യുതൻ ചേമഞ്ചേരി, സത്യൻ മേപ്പയ്യൂർ, അശ്വതി ചന്ദ്രൻ, സിൽസില, ദേവനന്ദ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീതസന്ധ്യ കാണികളുടെ മനം കവർന്നു. ശിവദാസ് ചേമഞ്ചേരി, പുഷ്പാ പ്രേംരാജ്, മോഹൻ വാകയാട്, ജോൺസൺ എന്നിവർ ചേർന്നൊരുക്കിയ തനത് വാദ്യവിരുന്ന് ആഘോഷങ്ങൾക്ക് ഉത്സവപ്രതീതിയേകി.
കലാലയ വേദിക്ക് പുറമെ ഒരുക്കിയ ചിത്രപ്രദർശനവും ശ്രദ്ധയാകർഷിച്ചു. യു. കെ. രാഘവൻ, സുരേഷ് ഉണ്ണി, സുബേഷ് പത്മനാഭൻ, ലിഗേഷ് പി. കെ, മിഥുൻ, ബിന്ദു അതുൽ മേപ്പയ്യൂർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് നടത്തിയ റീൽസ് മത്സരത്തിലെ വിജയികളായ സുബേഷ് പത്മനാഭൻ, മനു കാഞ്ഞിലശ്ശേരി, ഉദയകുമാർ ഈച്ചരോത്ത് എന്നിവർക്കുള്ള സമ്മാനദാനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ് നിർവ്വഹിച്ചു. വരും ദിവസങ്ങളിലും പ്രമുഖർ പങ്കെടുക്കുന്ന വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് ആവണിപ്പൂവരങ്ങ് വേദിയിൽ കാത്തിരിക്കുന്നത്.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
കോഴിക്കോട് –
ഉടൻ ബന്ധപ്പെടുക
9895863555













