പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം വിവാദം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കരുതെന്ന് ഫാത്തിമ തഹിലിയക്ക് ലീഗിന്റെ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജെഡിറ്റി വോട്ടെണ്ണല്‍ കേന്ദ്രത്തിലെ റിസര്‍വ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയയയുടെ നടപടിക്കെതിരെ മുന്നണിയില്‍ കടുത്ത അതൃപ്തി. വരണാധികാരി മുറി തുറക്കുന്ന കാര്യം നേരത്തെ അറിയിച്ചിട്ടും അത് ജില്ലാ നേതൃത്വത്തില്‍ നിന്ന് മറച്ചുവെച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ ഫാത്തിമ തഹിലിയക്ക് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി.

ജെഡിറ്റിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്‌ട്രോങ്ങ് റൂമിന് സമീപത്തെ റിസര്‍വ് റൂം തുറന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നതെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, രാവിലെ എട്ട് മണിക്ക് തന്നെ റിസര്‍വ് റൂം തുറക്കുന്ന വിവരം വരണാധികാരി തന്നെ അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹിലിയ പിന്നീട് വ്യക്തമാക്കിയതോടെ യുഡിഎഫ് നടത്തിയ പ്രതിഷേധം അപ്രസക്തമായി. ഇത് നേതൃത്വത്തിന് വലിയ രീതിയിലുള്ള രാഷ്ട്രീയ നാണക്കേടുണ്ടാക്കി.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിങ് മെഷീനുകള്‍ക്ക് കാവലായി യുഡിഎഫ് ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇവരെയോ ജില്ലാ യുഡിഎഫ് നേതൃത്വത്തെയോ വിവരം അറിയിക്കാതെ ഫാത്തിമ തഹിലിയ നേരിട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധം നയിക്കുമ്പോഴും തനിക്ക് അറിയിപ്പ് ലഭിച്ച കാര്യം തഹിലിയ അവരോട് പങ്കുവെച്ചില്ല എന്നത് അതൃപ്തി വര്‍ധിപ്പിച്ചു.

സംഭവം വിവാദമായതോടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായകമായ കാര്യങ്ങളില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഫാത്തിമ തഹിലിയക്ക് നിര്‍ദേശം നല്‍കി. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങിയ അതീവ ജാഗ്രത വേണ്ട കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വവുമായും യുഡിഎഫ് ജില്ലാ ഘടകവുമായും കൂടിയാലോചിച്ചു മാത്രമേ മുന്നോട്ട് പോകാവൂ എന്ന് ലീഗ് വ്യക്തമാക്കി. സ്ഥാനാര്‍ഥിയുടെ പരിചയക്കുറവാണ് ഇത്തരം ഒരു വീഴ്ചയ്ക്ക് കാരണമായതെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!