വടകര റവന്യൂ ടവർ: നടപടികൾ വേഗത്തിലാക്കാൻ മന്ത്രി അനിൽ കുമാറിൻ്റെ നിർദേശം

കോഴിക്കോട്: വടകര റവന്യൂ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ നിർദ്ദേശം. റവന്യൂ ടവർ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങൾ ഈ മാസം 20നകം മുറിച്ചുമാറ്റി ലേലം ചെയ്ത് വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.

നിർമാണ സ്ഥലത്തെ മണ്ണ് തൊട്ടടുത്തുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത് സാധ്യമാകാത്ത സാഹചര്യമുണ്ടായാൽ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള റോയൽറ്റിയും സീനിയറേജ് ചാർജും ഒഴിവാക്കുന്നതിനായി സർക്കാരിന്റെ അനുമതി തേടും. തുക അടയ്ക്കുന്ന മുറയ്ക്ക് സ്ഥലത്തെ പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ യോഗത്തിൽ അറിയിച്ചു.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ അടിയന്തരമായി ആവശ്യമായി വരുന്ന ചെറിയ തുകകൾ റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും മന്ത്രി എ. പി. അനിൽകുമാർ അറിയിച്ചു.

പൊല്യൂഷൻ കൺട്രോൾ ബോർഡുമായി ബന്ധപ്പെട്ട എൻ.ഒ.സി എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.

യോഗത്തിൽ എം എൽ എ മാരായ കെ. കെ. രമ, കെ ജയന്ത്, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസ്, എ.ഡി.എം. കെ. ഷെറീന, വടകര സബ് കളക്ടർ പി. പി. അർച്ചന എന്നിവർ പങ്കെടുത്തു. പോലീസ്, ഫയർഫോഴ്സ്, വനം, റവന്യൂ, കെ.എസ്.ഇ.ബി, ഹൗസിംഗ് ബോർഡ് എന്നീ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

വടകര റവന്യൂ ടവറിന്റെ നിർമ്മാണത്തിനായി ഹൗസിംഗ് ബോർഡാണ് കരാർ ക്ഷണിച്ചത്. നിർമ്മാണ ചുമതല യു.എൽ.സി.സി.ക്കാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!