താലൂക്ക് ആശുപത്രി വളപ്പിൽ മാലിന്യം കത്തിക്കൽ പതിവാകുന്നു; രോഗികളും ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ

കൊയിലാണ്ടി: താലൂക്ക് ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് പതിവാകുന്നതായി പരാതി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പുക ശ്വസനപ്രശ്നങ്ങളും കടുത്ത അസ്വസ്ഥതകളും സൃഷ്ടിക്കുന്നുണ്ട്.
ഇന്ന് രാവിലെ മുതൽ ആശുപത്രി വളപ്പിലെ നീതി മെഡിക്കൽ സ്റ്റോറിന് സമീപത്താണ് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. ഇതിൽ നിന്നുയർന്ന രൂക്ഷമായ പുകയും ദുർഗന്ധവും പരിസരമാകെ വ്യാപിച്ചു.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ ആശുപത്രി സൂപ്രണ്ടിന്റെയും നഗരസഭാ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. ഇന്നത്തെ സംഭവവും ഓട്ടോ തൊഴിലാളികൾ ആശുപത്രി നഴ്സിങ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കൊയിലാണ്ടി സ്വദേശി ഓട്ടോ തൊഴിലാളികളായ ജയപ്രകാശ്, ഷാജി, ബഷീര്‍, നൗഫല്‍, മോഹനന്‍, ബാബു എന്നിവര്‍ പറഞ്ഞു.
അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇവർ അറിയിച്ചു.












