പൊയില്‍ക്കാവ് ഓട്ടോ തൊഴിലാളിക്കും കുടുംബത്തിനും നേരെ മര്‍ദ്ദനം: ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവിലെ ഓട്ടോ തൊഴിലാളിയായ ഏഴുകുടിക്കല്‍ പ്രസാദിനും കുടുംബത്തിനും നേരെ കൊയിലാണ്ടി താലൂക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ വെച്ചുണ്ടായ ക്രൂരമായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.തിരുവോണദിവസം പ്രസാദിന്റെ ഓട്ടോയും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളെ കാണാനാണ് പ്രസാദും കുടുംബവും ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇവിടെ വെച്ച് ഒരുകൂട്ടം ആളുകള്‍ പ്രസാദിനെയും ഭാര്യയെയും മകനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
തൊഴിലാളിയെയും കുടുംബത്തെയും പരസ്യമായി അക്രമിച്ച പ്രതികളെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ഷാജി, തിലകന്, ശിവന് എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും തൊഴിലാളി നേതാക്കള്‍ മുന്നറിയിപ്പ് നല്കി.ആശുപത്രി പരിസരത്ത് വെച്ച് നടന്ന ആക്രമണമായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പണിമുടക്ക് പൂര്‍ണ്ണമായതോടെ പ്രദേശത്തെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.










