കനത്ത മഴയിലും മതസൗഹൃദത്തിന്റെ പ്രകാശമായി മന്ദമംഗലത്ത് നബിദിന റാലിക്ക് ഊഷ്മള സ്വീകരണം

കൊയിലാണ്ടി:  കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് മന്ദമംഗലം ശ്രീ സ്വാമിയാർക്കാവ് പരിസരത്ത് പതിവ് തെറ്റിക്കാതെ ഈ വർഷവും നബിദിന റാലിക്ക് ഊഷ്മളമായ സ്വീകരണം നൽകി. മതസൗഹൃദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും ഉദാത്തമായ പ്രതീകമായി മാറിയ സ്വീകരണ ചടങ്ങ് പ്രദേശവാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
റാലിയിൽ പങ്കെടുത്ത നൂറുകണക്കിന് കുട്ടികൾക്ക് സ്വാമിയാർക്കാവ് പരിസരത്തുവെച്ച് മധുരപലഹാരങ്ങളും ലഘുപാനീയങ്ങളും വിതരണം ചെയ്തു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നിട്ടും കുട്ടികളെയും റാലി അണിനിരന്നവരെയും സ്വീകരിക്കാൻ മുതിർന്നവരും യുവാക്കളും അടക്കം വലിയൊരു ജനസഞ്ചയം തന്നെ പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ജാതി-മത ഭേദമന്യേ നാട്ടുകാർ ഒരുമിച്ചൊരുക്കിയ ഈ സ്നേഹവിരുന്ന് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി.
തുടർന്ന് നബിദിന റാലി സംഘാടകരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്കായി പ്രത്യേക നേർച്ച ഭക്ഷണ വിതരണവും നടന്നു. റാലി സംഘാടകർ നൽകിയ സ്നേഹവിരുന്നും നേർച്ച ഭക്ഷണവും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചുകൊണ്ട് മന്ദമംഗലം പ്രദേശം ഒന്നടങ്കം ആത്മസംതൃപ്തിയോടെയാണ് ഈ വർഷത്തെ നബിദിനാഘോഷങ്ങളിൽ പങ്കാളികളായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!