ഇ.ഡി പരിശോധന; കുറ്റകരമായതൊന്നും കണ്ടെത്തിയില്ലെന്ന രേഖ പുറത്തുവിട്ട് നൗഷാദ്

കൊയിലാണ്ടി: മടക്കരയിലെ വീട്ടില്‍ നടത്തിയ ഇ.ഡി. പരിശോധനയില്‍ കുറ്റകരമായ വസ്തുക്കളോ രേഖകളോ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ രേഖാമൂലം എഴുതി നല്‍കിയതായി നൗഷാദ് അറിയിച്ചു. ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ അഭിജിത്ത് ഒപ്പിട്ടു നല്‍കിയ രേഖ കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം പരിസരത്ത് വെച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
വീടിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. തനിക്കെതിരെയുള്ള തെളിവായി അവര്‍ കാണിച്ച പാസ്പോര്‍ട്ട് ഫോട്ടോയിലുള്ളത് താനല്ലെന്നും, മാതാപിതാക്കളുടെ പേര് വ്യത്യസ്തമാണെന്നും അപ്പോള്‍ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. പരിശോധനയോട് പൂര്‍ണ്ണമായി സഹകരിച്ചതായും വൈകുന്നേരം വരെ ഇരുവീടുകളിലും പരിശോധന തുടര്‍ന്നതായും, ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ക്ക് തയ്യാറല്ലെന്നും നൗഷാദ് വ്യക്തമാക്കി.












