മരുന്ന് ക്ഷാമത്തിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ; ജില്ലാ തലത്തിൽ നിരീക്ഷണ സമിതി

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. ജില്ലാ തലത്തിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിരീക്ഷണ സമിതി രൂപീകരിക്കും. ഇതിനിടെ പകർച്ചപ്പനി വ്യാപനം ആരോഗ്യവകുപ്പിന് കൂടുതൽ വെല്ലുവിളിയാകുകയാണ്. ഇന്നലെ മാത്രം 7,740 പേരാണ് പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ തേടിയത്. പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.
പനി മുതൽ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ വരെ പല ആശുപത്രികളിലും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ ഇന്നലെ ചേർന്ന കെ.എം.എസ്.സി.എൽ അടിയന്തര യോഗം പൂർത്തിയാക്കി. 28 ഇനം മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. അടിയന്തരമായി ആവശ്യമായ മരുന്നുകൾ ലോക്കൽ പർച്ചേസിലൂടെ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം ഇടവിട്ട് നൽകേണ്ട വൈറ്റമിൻ എയും ചില വാക്സിനുകളും ആശുപത്രികളിൽ ലഭ്യമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കുട്ടികളുടെ മരുന്നുകളുടെ ക്ഷാമം നേരിടുന്നതായി മാതാപിതാക്കൾ പറയുന്നു.
അതേസമയം, പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ചികിത്സ തേടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. മരുന്നുകൾ അടിയന്തരമായി എത്തിച്ച് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ആരോഗ്യരംഗത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.












