മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി മഹോത്സവം 16 മുതൽ 18 വരെ

കോഴിക്കോട്: മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 16 മുതൽ 18 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈദിക് ധർമ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ അനുഗ്രഹത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ബംഗളൂരുവിലെ വേദവിജ്ഞാൻ മഹാവിദ്യാപീഠത്തിലെ പുരോഹിതന്മാരുടെയും ആശ്രമത്തിലെ സന്യാസിമാരുടെയും നേതൃത്വത്തിൽ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ മഹാചണ്ഡികാഹോമം നടത്തും.
മഹാക്ഷേത്രങ്ങളിൽ മാത്രം നടത്താറുള്ള മഹാചണ്ഡികാഹോമം ഗുരുദേവിന്റെ പ്രത്യേക മാർഗനിർദേശപ്രകാരം ശാസ്ത്രീയമായാണ് സംഘടിപ്പിക്കുന്നത്. മഹാഗണപതി ഹോമം, നവഗ്രഹഹോമം, വാസ്തുശാന്തിഹോമം, രുദ്രഹോമം, മഹാസുദർശന ഹോമം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലാ നവരാത്രി ആഘോഷമാണ് മൂടാടി ആശ്രമത്തിൽ നടക്കുന്നത്. വ്യക്തിക്കും സമൂഹത്തിനും നാടിനും ലോകത്തിനും ശാന്തിയും നല്ല ദിശാബോധവും കൈവരിക്കാൻ ഇത്തരം പൂജാകർമങ്ങൾ സഹായകമാകുമെന്ന് സംഘാടകർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ബ്രഹ്മചാരി യോഗാനന്ദ്ജി (മെന്റർ, മൂടാടി ആശ്രമം), സുരേന്ദ്രൻ പി., രമേശൻ, ദേവദാസൻ എന്നിവർ സംബന്ധിച്ചു












