കീഴരിയൂരിൽ 7 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

കൊയിലാണ്ടി: കീഴരിയൂര്‍ നമ്പ്രത്ത്കര ഭാഗത്ത് നടത്തിയ എക്‌സൈസ് റെയ്ഡില്‍ ഏഴ് ലിറ്റര്‍ ചാരായവുമായി ഒരാളെ പിടികൂടി. നമ്പ്രത്ത്കര ഒറോക്കുന്ന് മലയില്‍ വീട്ടില്‍ സുധീര്‍ (53) ആണ് കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് സംഘത്തിന്റെ പിടിയിലായത്. ചാരായം കൈവശം വെച്ച് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ശിവകുമാര്‍ കെ.കെ. യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ രാകേഷ് ബാബു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ അനീഷ് കുമാര്‍, ദിനോബ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












