ഏഷ്യൻ ഗെയിംസ് ജേതാവ് വിദർശയ്ക്ക് ജന്മനാടിന്റെ പ്രൗഢ സ്വീകരണം

കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കിയ തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദിന് ജന്മനാട് പ്രൗഢ സ്വീകരണം നൽകി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളുടെ തുടർപ്രയാണത്തിന് സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.

വിദർശയുടെയും തന്റെ മണ്ഡലത്തിൽപ്പെട്ട ടി.എസ്. മനുവിന്റെയും ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. മെഡൽ ജേതാക്കൾക്ക് ജോലി ഉൾപ്പെടെയുള്ള പിന്തുണ നൽകുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായും മന്ത്രി വ്യക്തമാക്കി. വിദർശയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. കായിക സ്വപ്നങ്ങൾക്ക് പിന്തുണ നൽകിയ കുടുംബാംഗങ്ങളെയും പരിശീലകനെയും മന്ത്രി അഭിനന്ദിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിദർശയെ സ്വീകരണ റാലിയിൽ ആനയിച്ചത്. മന്ത്രി ടി. സിദ്ദിഖ്, സി.കെ. കാസിം എംഎൽഎ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് എന്നിവർ വിദർശയ്‌ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പി.സി. മുക്കിൽനിന്ന് ആരംഭിച്ച റാലി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

നാടിന്റെ അഭിമാനമായ താരത്തെ കാണാനും അഭിവാദ്യമർപ്പിക്കാനും നൂറുകണക്കിന് ആളുകളാണ് വഴിയോരങ്ങളിൽ തടിച്ചുകൂടിയത്. സ്വീകരണ സമ്മേളനത്തിൽ സി.കെ. കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് വിദർശയെ പൊന്നാട അണിയിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!