കൊയിലാണ്ടിയിൽ 8 കോടിയുടെ വെറ്ററിനറി സബ് സെന്റർ; നിർമ്മാണ പ്രവൃത്തി ഒക്ടോബറിൽ ആരംഭിക്കും; എം.എൽ.എ വി.സിയുമായി കൂടിക്കാഴ്ച നടത്തി

കൊയിലാണ്ടി: വലിയമലയിൽ ആരംഭിക്കുന്ന വെറ്ററിനറി സർവ്വകലാശാല സബ് സെന്ററിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസിലറുമായി കൂടിക്കാഴ്ച നടത്തി. സബ് സെന്ററിന്റെ നിർമ്മാണ പ്രവൃത്തികൾ വരും ഒക്ടോബറോടെ ആരംഭിക്കുമെന്ന് വൈസ് ചാൻസിലർ എം.എൽ.എയ്ക്ക് ഉറപ്പ് നൽകി. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഏറ്റെടുത്ത് നൽകിയ വലിയമലയിലെ 4 ഏക്കർ സ്ഥലത്താണ് സബ് സെന്റർ യാഥാർത്ഥ്യമാകുന്നത്. 8 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ കേന്ദ്രം നിർമ്മിക്കുന്നത്.
വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫസർ അനിൽ കെ. എസ്, സർവ്വകലാശാല രജിസ്ട്രാർ സാബിൻ ജോർജ് എന്നിവരുമായി എം.എൽ.എ സബ് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്തി.
വെറ്ററിനറി മേഖലയിലെ നൂതനമായ പഠന സൗകര്യങ്ങളും മികച്ച തൊഴിൽ സാധ്യതകളും പുതിയ സബ് സെന്ററിലൂടെ കൊയിലാണ്ടിയിൽ ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
മേഖലയിലെ ക്ഷീര-മൃഗസംരക്ഷണ മേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ രംഗത്തിനും വലിയ കുതിപ്പേകുന്നതായിരിക്കും വലിയമലയിലെ ഈ പുതിയ വെറ്ററിനറി സബ് സെന്റർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!