കൊയിലാണ്ടി എളാട്ടേരിയിൽ മഴക്കാല പച്ചക്കറി കൃഷിക്ക് നൂറുമേനി; വിളവെടുപ്പ് ആവേശമായി

കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൊയിലാണ്ടി എളാട്ടേരിയില്‍ ഒരേക്കറോളം സ്ഥലത്ത് നടത്തിയ മഴക്കാല പച്ചക്കറി കൃഷിക്ക് മികച്ച വിളവ്. ഓണവിപണി ലക്ഷ്യമിട്ട് എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃഷ്ണനാണ് പൂര്‍ണ്ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് കൃഷി നടത്തിയത്. മഴക്കാലത്തെ എല്ലാവിധ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നായിരുന്നു നേട്ടം. വെള്ളരി, കക്കിരി, വെണ്ട, പയര്‍, പച്ചമുളക്, നേന്ത്രവാഴ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഒരേക്കര്‍ തോട്ടത്തില്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് കൃഷി ഒരുക്കിയത്. പൂര്‍ണ്ണമായും പ്രകൃതിദത്തമായ രീതിയിലായിരുന്നു ബാലകൃഷ്ണന്റെ കൃഷിപരിപാലനം. ജൈവവളങ്ങളും കോഴിവളവും മാത്രമാണ് ഉപയോഗിച്ചത്.

കീടങ്ങളെ നിയന്ത്രിക്കാന്‍ പച്ചിലകള്‍ കൊണ്ട് പ്രത്യേകം തയ്യാറാക്കുന്ന കഷായങ്ങളാണ് പ്രയോഗിച്ചത്. ദിവസേനയുള്ള പരിചരണത്തിന് പുറമെ കൃഷിയിടത്തിലേക്ക് ക്ഷുദ്രജീവികള്‍ കടക്കാതിരിക്കാന്‍ നെറ്റുകള്‍ ഉപയോഗിച്ച് മറ തീര്‍ക്കുകയും, കീടങ്ങളെ അകറ്റാന്‍ മത്സ്യങ്ങള്‍ കഴുകിയ വെള്ളം ചുറ്റുപാടും സ്‌പ്രേ ചെയ്യുകയും ചെയ്യുന്ന വേറിട്ട രീതികളും ഇദ്ദേഹം പരീക്ഷിച്ചു വിജയിച്ചു.

വിജയകരമായി പൂര്‍ത്തിയാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് എം. എല്‍. എ അഡ്വ. കെ. പ്രവീണ്‍ കുമാര്‍  നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എന്‍. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കനത്ത മഴയിലും നാടിന് മാതൃകയാകും വിധം കൃഷി ഇറക്കിയ ബാലകൃഷ്ണനെ എം. എല്‍. എ പൊന്നാട അണിയിച്ച് ആദരിച്ചു.

പന്തലായനി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദിത, ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ അഞ്ജന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീനാ നാസര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ അഡ്വ. ലത്തീഫ്, ശ്രീജ, ശശികുമാര്‍, വാര്‍ഡ് മെമ്പര്‍ ശശികുമാര്‍, എസ്.ആര്‍. ജയ്കിഷ്, എടക്കണ്ടി നാരായണന്‍, ശശിധരന്‍ വടക്കേടന്‍ കണ്ടി. ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!