ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സമരസ്മാരകം പുനര്‍നിര്‍മിക്കുന്നു; ശിലാസ്ഥാപനം കെ. പ്രവീണ്‍ കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു

ചേമഞ്ചേരി: ചരിത്രപ്രസിദ്ധമായ ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സമരസ്മാരക സ്തൂപത്തിന്റെ പുനർനിർമാണ ശിലാസ്ഥാപന ചടങ്ങ് കെ. പ്രവീൺ കുമാർ MLA ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരിയുടെ സമരജീവിത ചരിത്രം പുതിയ തലമുറയ്ക്ക് കൈമാറുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ചരിത്രസംരക്ഷണത്തിനായുള്ള ഈ ദൗത്യത്തിൽ പ്രദേശവാസികൾക്കൊപ്പം താനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി തകർക്കപ്പെട്ട 1992-ൽ സ്ഥാപിതമായ പഴയ സ്മാരക സ്തൂപത്തിന് പകരമായാണ് പുതിയ സ്തൂപം ഉയരുന്നത്. 2027 ജനുവരി 26 – നകം സ്തൂപനിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു. യു. കെ രാഘവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരളത്തിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രക്ഷോഭ പരിപാടികൾ നടന്ന പ്രദേശമാണ് ചേമഞ്ചേരി അതിന്റെ ഭാഗമായി ബ്രിട്ടീഷ് പോലീസിന്റെ ഭീകരവേട്ടയാടലുകൾക്ക് വിധേയരായവരാണ് ഈ പ്രദേശത്തുകാർ. 1942 ഓഗസ്റ്റ് 19-ന് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഒരൊറ്റ രാത്രി കൊണ്ടാണ് ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ്, ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ അംശകച്ചേരി, തിരുവങ്ങൂർ ട്രെയിൻ ഹാൾട്ട് എന്നിവ അഗ്നിക്കിരയാക്കിയത്. സ്വാതന്ത്ര്യസമര സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്ന, ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്ന ‘സ്വതന്ത്ര ഭാരതം’ എന്ന പത്രം രഹസ്യമായി അച്ചടിച്ച് വിതരണം ചെയ്തിരുന്നതും ഇവിടെ നിന്നായിരുന്നു.
പുനർനിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അജയ് ബോസ് അധ്യക്ഷത വഹിച്ചു. പുനർനിർമാണ കമ്മിറ്റി ജനറൽ കൺവീനർ വി. ടി. വിനോദ് സ്വാഗതം പറഞ്ഞു. രാജശ്രീ കെ. ബി പ്രാർത്ഥനാ ഗീതം ആലപിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ കബീർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ ദാസ്, ഗ്രാമ പഞ്ചായത്ത് അംഗം ഗീത കുറ്റിച്ചണ്ടി, കെ. ശ്രീനിവാസൻ, ഷബീർ എളവനക്കണ്ടി, കെ. പ്രദീപൻ, സജീവ് കുമാർ, ആലിക്കോയ ഹിദായത്ത്, അവിണേരി ശങ്കരൻ, അജീഷ് പൂക്കാട്, ഉണ്ണികൃഷ്ണൻ തിരൂളി, ശിവദാസ് കാരോളി എന്നിവർ ആശംസകൾ നേർന്നു. പുനർനിർമാണ കമ്മിറ്റി വൈസ് ചെയർമാൻ സത്യനാഥ് മാടഞ്ചേരി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!