കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷം ‘ചിങ്ങച്ചേല്’ ആഗസ്റ്റ് 15 മുതൽ 24 വരെ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘ചിങ്ങച്ചേല്’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 15 മുതൽ 24 വരെ കൊയിലാണ്ടിയിലെ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ വിവിധ പരിപാടികൾ അരങ്ങേറും.

ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന മേളയും പത്ത് ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളുമാണ്. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ഓണാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കുന്നതിനുമാണ് വിപണന മേള സംഘടിപ്പിക്കുന്നത്.

സാംസ്കാരിക ഘോഷയാത്ര, നാടൻപാട്ട്, നാടകം, മാപ്പിള കലാമേള, കുടുംബശ്രീ കലാമേള, മെഗാഷോ, നൃത്ത സന്ധ്യ, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും. നഗരസഭയിലെ വിവിധ വിഭാഗങ്ങളുടെയും കുടുംബശ്രീ സംവിധാനത്തിന്റെയും കലാ-സാംസ്കാരിക കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓണാഘോഷ പരിപാടികളുടെ വിശദാംശങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനും പരിപാടികളിലേക്ക് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമ സുഹൃത്തുക്കളുടെ സഹകരണവും പിന്തുണയും നഗരസഭ അഭ്യർത്ഥിച്ചു.

നഗരസഭ ചെയർമാൻ ശ്രീ യു.കെ. ചന്ദ്രൻ ഓണാഘോഷ പരിപാടികൾ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമതി സി.ടി. ബിന്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ എ.പി. സുധീഷ്, ശ്രീമതി രമ്യ പണ്ടാരക്കണ്ടി, ശ്രീമതി ദൃശ്യ എം., ശ്രീ കെ.എം. നജീബ്, കൗൺസിലർമാരായ ശ്രീമതി ശ്രീജ റാണി, ശ്രീമതി ആയിഷ ജാസ്മിൻ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ശ്രീമതി മിനി, ശ്രീമതി ഷംസീറ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശശി കോട്ടിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീനി പി.കെ. എന്നിവർ പങ്കെടുത്തു.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!