പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം നാല് പേര്‍ക്ക് പരുക്ക്

പേരാമ്പ്ര : നിരന്തരം അപകടത്തിന് സാക്ഷിയാവുന്ന പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് വീണ്ടും അപകടം. ബൈപ്പാസില്‍ പൈതോത്ത് റോഡ് ജഗ്ഷന് സമീപം ഇന്ന് കാലത്ത് 8 മണിയോടെയാണ് പിക്കപ്പ് വാനും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കക്കാട് ഭാഗത്ത് നിന്ന് കല്ലോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. ഇടിയുടെ ആഘാതത്തില്‍ സ്‌ക്കൂട്ടര്‍ റോഡില്‍ നിന്ന് തെറിച്ച് പത്തടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. വാന്‍ സമീപത്തെ പരസ്യ ബോര്‍ഡില്‍ തട്ടി നിന്നതിനാല്‍ താഴ്ചയിലേക്ക് മറിയാതെ നില്‍ക്കുകയായിരുന്നു. ഈ സമയം പ്രദേശത്ത് നല്ല മഴ ഉണ്ടായിരുന്നു.
കൂത്താളി സ്വദേശി ഞാറക്കാട്ട് സരിന്‍ (18), കോടേരിച്ചാല്‍ സ്വദേശി ദിജീഷ് (40), കൂവ്വപൊയില്‍ സ്വദേശി ബിജു (40), കല്പത്തൂര്‍ സ്വദേശി രാജേഷ് (42) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്ക് പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. സാരമായി പരുക്കേറ്റ സരിന്‍, ദിജീഷ്, ബിജു എന്നിവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.





;




