ഗുരു ചേമഞ്ചേരിയുടെ പിറന്നാൾ ദിനത്തിൽ ഓർമ്മകൾ അയവിറക്കി ശിഷ്യ പ്രശിഷ്യരും കലാസ്നേഹികളും.

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പിറന്നാൾ ദിനത്തിൽ ചേലിയ കഥകളി വിദ്യാലയത്തിൽ കലാസ്നേഹികൾ ആദരപൂർവ്വം ഒത്തു ചേർന്നു. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള നാലാമത് ഗുരു ചേമഞ്ചേരി പുരസ്കാര ജേതാവിനെ ജന്മ ദിന സമ്മേളനത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലം MLA അഡ്വ.കെ. പ്രവീൺ കുമാർ പ്രഖ്യാപിച്ചു. മദ്ദളം കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനാണ് 2026 ലെ ഗുരു ചേമഞ്ചേരി പുരസ്കാരം.
ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളെ കോർത്തിണക്കി കൊയിലാണ്ടിയിൽ ഒരു സാംസ്കാരിക ഇടനാഴിയും കലാഗ്രാമവും സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ. ഭാസ്കരൻ മുഖ്യ പ്രഭാഷണം നടത്തി. ജൂറി അംഗങ്ങളായ ഗുരുപൂജാ പുരസ്കാര ജേതാവ് ശിവദാസ് ചേമഞ്ചേരി, ഡോ.ഇ.ശ്രീജിത്ത്, ജനപ്രതിനിധികളായ എ.എം. ദേവി, സുചിത്ര, പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ, എന്നിവർ സംസാരിച്ചു.
കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ.എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഉപരി പഠനത്തിനായി കേരള കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ച അമൃതലക്ഷ്മി, ഹരിചന്ദന എന്നിവരെ ആദരിച്ചു. സെക്രട്ടറി എൻ.കെ.ശശി സ്വാഗതവും പി.റ്റി.എ പ്രസിഡണ്ട് രതീഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. ഗായകരായ അശ്വന്ത്, മനീഷ എന്നിവർ നയിച്ച സംഗീതാർച്ചന, നൃത്യ- -ശ്രദ്ധ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തമാലിക എന്നിവയും അരങ്ങേറി.










