സമൂഹമാധ്യമങ്ങളിലെ ‘ലഹരി’ ഫാൻസ്; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് പരാതി

കോഴിക്കോട്: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പരിശോധനകൾക്കിടയിലും സമൂഹമാധ്യമങ്ങൾ വഴി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ‘സ്ലീപ്പർ സെല്ലുകൾ’ സജീവമെന്ന് കണ്ടെത്തൽ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ വളണ്ടിയറും കാസർകോഡ് സ്വദേശിയുമാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് തെളിവുകൾ സഹിതമുള്ള പരാതി ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം നൽകി. ഇൻസ്റ്റഗ്രാം വഴിയാണ് രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിന് യുവതി യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്ന റീൽസുകളും ചെറിയ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും ഉപയോഗിക്കുന്ന 397 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി സമർപ്പിച്ചത്. ഡി.ജി.പിയ്ക്ക് പുറമേ സൈബർ ഓപ്പറേഷൻ വിഭാഗത്തിനും എക്‌സൈസിനും കാസർകോഡ് സൈബർ പൊലിസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം യു.ആർ.എൽ സഹിതമാണ് വിവരങ്ങൾ നൽകിയത്. ഇതിൽ നിന്ന് അക്കൗണ്ട് ഉടമകളുടെ പൂർണവിവരങ്ങൾ കണ്ടെത്താനാകും. സമൂഹമാധ്യമങ്ങൾ വഴി ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണ്. 1985ലെ മയക്കുമരുന്ന് നിരോധന നിയമത്തിന്റെ (എൻ.ഡി.പി.എസ് ആക്ട് ) ലംഘനവും, അതോടൊപ്പം സോഷ്യൽ മീഡിയ, സൈബർ ഉള്ളടക്ക നിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് പരാതി സമർപ്പിച്ചത്. വിദ്യാർഥികളുൾപ്പെടെ നിരവധി യുവാക്കൾ ഇത്തരത്തിലുള്ള റീൽസുകൾ നിരന്തരം പിന്തുടരുന്നുണ്ടെന്നും ഇവരിൽ ഏറെയും പേർ ലഹരി ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ് കണ്ടെത്തൽ. പുതുതായി ലഹരി ഉപയോഗിക്കാനും ഇത്തരത്തിലുള്ള വീഡിയോകൾ പ്രചോദനമാകും.

ഈ സാഹചര്യത്തിൽ ലഹരി പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ വർഷം നവംബർ 25 ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയരക്ടർക്കും സംസ്ഥാന പൊലിസ് മേധാവിയ്ക്കും ഇത് സംബന്ധിച്ചുള്ള പരാതി നൽകിയിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ലഹരി മാഫിയയ്‌ക്കെതിരേ  ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചതോടെയാണ് വീണ്ടും വിവരങ്ങൾ കൈമാറിയത്. യുവാക്കളെ ആകർഷിപ്പിക്കും വിധത്തിൽ വീഡിയോകൾ ചിത്രീകരിച്ചാണ് പങ്കുവയ്ക്കുന്നത്. കൂടാത സൈബർ വളണ്ടിയർമാർ വഴിയും പൊതുജനങ്ങളിൽ നിന്നുമെല്ലാം ഇത്തരത്തിലുള്ള അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാറുണ്ടെന്നും ഇന്ത്യയ്ക്കകത്തുള്ള അക്കൗണ്ടുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാറുണ്ടെന്നും സൈബർ ഓപ്പറേഷൻ വിഭാഗം അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!