ചുഴലിക്കാറ്റിൽ നശിച്ച വിളകള്‍ സൗജന്യമായി റീപ്ലാന്റ് ചെയ്യാൻ നടപടി -മന്ത്രി ടി സിദ്ദിഖ്

ചുഴലിക്കാറ്റില്‍ നശിച്ച വിളകള്‍ സൗജന്യമായി റീപ്ലാന്റ് ചെയ്യാൻ കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. വേനല്‍മഴയിലും ശക്തമായ ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശം ഉണ്ടായ കാവിലുംപാറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. ദുരിതബാധിതരായ കർഷകർക്ക് കൃഷി വകുപ്പ് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ സംയോജിപ്പിച്ച് പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് അപേക്ഷിക്കാനുള്ള തീയതി പത്തു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള റബർ, കുരുമുളക്, കവുങ്ങ്, തെങ്ങ്, ഗ്രാമ്പു, ജാതി, കൊക്കൊ, കശുമാവ് തുടങ്ങിയ വിളകളെ പുനഃക്രമീകരിച്ച കാലാവസ്ഥാ അടിസ്ഥാന വിള ഇന്‍ഷുറന്‍സ് സ്കീമിൽ (ആര്‍.ഡബ്ലിയു.ബി.സി.ഐ.എസ്) ഉള്‍പ്പെടുത്തും. അഞ്ച് ഏക്കറിന് മുകളില്‍ കൃഷിയുള്ള കര്‍ഷകർക്ക് കൂടി നിലവിലുള്ള എല്‍എസ്ജിഡി പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിത്ത് തേങ്ങ സംഭരണ വില പരിഷ്‌കരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൃഷിനാശം ഉണ്ടായ സ്ഥലങ്ങൾ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ മന്ത്രി, ദുരിതബാധിതരായ കര്‍ഷകരെ നേരില്‍ കാണുകയും അവരുടെ പരാതികളും നാശനഷ്ടങ്ങളും ചോദിച്ചറിയുകയും ചെയ്തു. ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും കര്‍ഷക പ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

കെ എം അഭിജിത്ത് എം.എൽ.എ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, ജില്ല കൃഷി ഓഫീസർ ടി.പി അബ്ദുൽ മജീദ്, ജനപ്രതിനിധികളായ സന്ധ്യ കരണ്ടോട്, രമേശൻ മണലിൽ, എം എം റോയി, പവിത്രൻ വട്ടക്കണ്ടി, റോബിൻ ജോസഫ്, ബോബി മൂക്കൻ തോട്ടം, റോസക്കുട്ടി മുട്ടത്ത് കുന്നേൽ, നാരായണൻ കുട്ടി തോട്ടക്കാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!