മണിയൂർ പോക്‌സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.

പയ്യോളി: മണിയൂര്‍ പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് 230 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 55 ഓളം സാക്ഷികളാണുള്ളത്. അന്വേഷണം ഏറ്റെടുത്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ചങ്ങരോത്ത് സ്വദേശി അബ്ദുല്‍ റഫീഖാണ് കേസിലെ ഒന്നാം പ്രതി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവാണ് രണ്ടാം പ്രതി. 12 വയസ്സുകാരിയെ മാതാവിന്റെ സഹായത്തോടെ ഒന്നര വര്‍ഷത്തോളം നിരന്തര പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

2026 ജനുവരി 16-ന് പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒന്നാം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈ 24-ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍നിന്ന് ജാമ്യം നേടി സെപ്റ്റംബര്‍ 29-ന് നാട്ടിലെത്തി. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമായി.
തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.

ഒക്ടോബര്‍ 24-ന് കൊയിലാണ്ടി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കി. എന്നാല്‍ ഇതിനിടെ ഇയാള്‍ ഒളിവില്‍ പോയി. ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ആദ്യം റദ്ദാക്കിയെങ്കിലും പിന്നീട് സ്റ്റേ നീക്കുകയായിരുന്നു. ഇതിനു പിന്നാലെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍വെച്ച് റഫീഖിനെ പൊലീസ് പിടികൂടി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!