റേഷൻ വിതരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

കൊയിലാണ്ടി: റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. പാചകവാതക സബ്സിഡിയുടെ മാതൃകയിൽ റേഷൻ വിതരണത്തിലും നേരിട്ടുള്ള പണമിടപാട് സംവിധാനം ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

മഞ്ഞ, പിങ്ക് കാർഡുടമകൾക്കായി സ്മാർട്ട് പി.ഒ.എസ്., ഇ-പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത് കേരളത്തിലെ റേഷൻ വിതരണ സംവിധാനത്തെ തകർക്കുമെന്നും സാങ്കേതിക പരിജ്ഞാനമില്ലാത്ത ഗുണഭോക്താക്കൾക്ക് റേഷൻ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. അന്ത്യോദയ അന്നയോജന വിഭാഗത്തിന് നൽകുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും പ്രായമായവർക്കും വിരലടയാളം പതിയാത്തവർക്കും ഒ.ടി.പി. സംവിധാനത്തിലൂടെ റേഷൻ വാങ്ങാനുള്ള സൗകര്യം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഡിസംബർ 3-ന് നടക്കുന്ന പാർലമെന്റ് മാർച്ചും നവംബർ 2-ന് കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണയും വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രൻ പുതുക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, കെ.പി. അഷ്റഫ്, ശശി മങ്കര, യു. ഷിബു, വി.വി. നാരായണൻ, കെ. ജനാർദനൻ, ടി. സുഗതൻ, കെ.കെ. പ്രകാശൻ, ശങ്കരനാരായണൻ, വി.എം. ബഷീർ, എം.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!