റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ‘ജീവ-സുയാത്ര മിഷന്‍’; ഉദ്ഘാടനം ഞായറാഴ്ച, മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡര്‍

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജീവ-സുയാത്ര മിഷന്‍ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും.

പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ മമ്മൂട്ടിയെത്തും. പദ്ധതി നടപ്പിലാക്കുക 5 അടിസ്ഥാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി. റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.

സുരക്ഷിത നിരത്തുകള്‍; റോഡുകളുടെ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണികളിലും സുരക്ഷ ഉറപ്പാക്കുകയും അപകടമേഖലകള്‍ (ബ്ലാക്ക് സ്‌പോട്ടുകള്‍) പരിഹരിക്കുന്നതിന് അത്യാധുനിക എന്‍ജിനീയറിങ് പരിഹാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.

സുരക്ഷിത പെരുമാറ്റം; ഡ്രൈവര്‍മാരിലും കാല്‍നടയാത്രക്കാരിലും ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സ്‌കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

സുരക്ഷിത വേഗത; അമിതവേഗത നിയന്ത്രിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള കര്‍ശനമായ ഗതാഗത നിയമപാലനം നടപ്പിലാക്കുന്നു.

സുരക്ഷിത വാഹനങ്ങള്‍; വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ പരിശോധനകളും ഉറപ്പുവരുത്തുന്നു.

അപകടാനന്തര അടിയന്തര പ്രതികരണം; അപകടമുണ്ടായാല്‍ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!