നന്തി ടൗണ്‍ – അറബികോളജ് മുക്ക് ഓട്ടോസ്റ്റാന്‍ഡ് പി.ഡബ്ല്യു.ഡി റോഡ് ശോചനീയാവസ്ഥ: പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി; അടിയന്തര പരിഹാരത്തിന് നിര്‍ദ്ദേശം

നന്തിബസാര്‍: പി.ഡബ്ല്യു.ഡി ആസ്തിയിലുള്ള നന്തി ഉസ്താദ് ഹോട്ടല്‍ മുതല്‍ അറബികോളജ് മുക്ക് നന്തി ഓട്ടോ സ്റ്റാന്‍ഡ് വരെയുള്ള റോഡിന്റെ കടുത്ത ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചര്‍ച്ച നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കെ. മുഹമ്മദലി, മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് സി. കെ. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി തടത്തില്‍ അബ്ദുറഹ്മാന് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
നന്തി റെയില്‍വേ മേല്‍പാലം യാഥാര്‍ത്ഥ്യമായതു മുതല്‍ ഈ റോഡ് കടുത്ത അവഗണനയിലായിരുന്നു. നിലവില്‍ നന്തി ഓട്ടോ സ്റ്റാന്‍ഡ് വരെയുള്ള ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. ഇത് പ്രദേശവാസികള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും നിത്യേനയുള്ള വലിയ ദുരിതത്തിനാണ് കാരണമാകുന്നത്. യാത്രക്കാര്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ ജനപ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍, കോഴിക്കോട് പി.ഡബ്ല്യു.ഡി ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്കി. തകര്‍ന്ന റോഡ് ഉടന്‍ തന്നെ സന്ദര്‍ശിച്ച്, ആവശ്യമായ തുടര്‍നടപടികളും അടിയന്തര പരിഹാര മാര്‍ഗ്ഗങ്ങളും വേഗത്തില്‍ സ്വീകരിക്കാനാണ് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദീര്‍ഘനാളത്തെ അവഗണനയ്ക്ക് ഇതോടെ ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.












