കേളപ്പജി ധീരനായ സോഷ്യലിസ്റ്റ് പോരാളി: കെ. ലോഹ്യ

കൊയിലാണ്ടി: കേളപ്പജിയെ കേവലം ഒരു സ്വാതന്ത്ര്യ സമര പോരാളി മാത്രമായി ചുരുക്കിക്കാണാന്‍ കഴിയില്ലെന്നും, ഒരേസമയം സാമൂഹ്യ പരിഷ്‌കരണത്തിനായും അനാചാരങ്ങള്‍ക്കെതിരായും പോരാടിയ ധീരനായ ദേശീയവാദിയായ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹമെന്നും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.) സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പ്രസ്താവിച്ചു. കേളപ്പജി ദിനാചരണത്തിന്റെ ഭാഗമായി ആര്‍. ജെ. ഡി. കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെ കേളപ്പജി പ്രതിമയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്കും അനുസ്മരണ സമ്മേളനത്തിനും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും, പിന്നീട് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി രൂപീകരിച്ച് അതിന്റെ സ്ഥാനാര്‍ത്ഥിയായി പൊന്നാനിയില്‍ നിന്ന് മത്സരിച്ച് ആദ്യ പാര്‍ലമെന്റില്‍ അംഗമാവുകയും ചെയ്ത ചരിത്രമാണ് കേളപ്പജിയുടേത്. സ്വാതന്ത്ര്യാനന്തരം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (പി.എസ്.പി.) സജീവമായി പ്രവര്‍ത്തിച്ച കേളപ്പജിയെന്ന സോഷ്യലിസ്റ്റിനെ പലരും സൗകര്യപൂര്‍വ്വം വിസ്മരിക്കാനാണ് ശ്രമിക്കുന്നതെന്നും കെ. ലോഹ്യ കുറ്റപ്പെടുത്തി.

രാഷ്ട്രീയ ജനതാദള്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി. കെ. രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആര്‍. ജെ. ഡി. നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് മേലേപ്പുറത്ത്, പി. കെ. കബീര്‍ സലാല, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി. കെ. ജയദേവന്‍, ടി. കെ. ശശിധരന്‍, കോരങ്കണ്ടി ഗിരീഷ്, വി. പി. മുകുന്ദന്‍, കെ. ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!