ഇരുപത് വര്‍ഷം ജയിലില്‍ കഴിഞ്ഞ അബ്ദുല്‍ റഹീം ജീവിതത്തിലേക്ക്

കോഴിക്കോട്: തൂക്ക് കയര്‍ ഭയന്ന് ഇരുപത് വര്‍ഷം ജയിലില്‍ കഴിഞ്ഞ അബ്ദുല്‍ റഹീം ജീവിതത്തിലേക്ക് മടങ്ങിയെടുത്തുകയാണ്. സൗദി ബാലന് മരിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്.
കോഴിക്കോട് കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂള്‍ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006 ലാണ് സൗദിയിലെത്തിയത്. 2006 ഡിസംബര്‍ 24ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്റെ പതിനഞ്ചുകാരനായ മകന് മരിച്ച കേസില്‍ ജയിലിലായി. ചലനശേഷിയില്ലാത്ത കുട്ടിയുടെ ജീവന് നിലനിര്‍ത്തിയിരുന്ന ഉപകരണം അബ്ദുള്‍ റഹിമിന്റെ കൈതട്ടി അബദ്ധത്തില്‍ മാറുകയായിരുന്നു. 2007 ജൂലൈയില്‍ റഹിമിനെ ജയിലില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ യാദൃച്ഛികമായി കണ്ടതോടെയാണ് റഹിമിന്റെ മോചനത്തിലേക്കുള്ള വഴി തുറന്നത്. മാധ്യമപ്രവര്‍ത്തകരില്‍ വിവരം അറിഞ്ഞ റഹിമിന്റെ നാട്ടുകാരനും കെ എം സി സി ജനറല്‍ സെക്രട്ടറിയുമായ അഷ്റഫ് വേങ്ങാട്ട് എംബസിയെ വിവരം അറിയിച്ചു. എംബസി കേസുകളില്‍ ഇടപെടുന്ന അബു മിസ്ഫര്‍ വക്കീലിനെ ഏര്‍പ്പാടാക്കുന്നു. എട്ടുവര്‍ഷത്തോളം കേസ് നീണ്ടു. 2011 ഫെബ്രുവരി 2-ന് റിയാദിലെ കോടതി അബ്ദുള്‍ റഹിമിന് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും ശിക്ഷ ശരിവച്ചതോടെ, റഹിമിന് മുന്നില്‍ വഴിയടഞ്ഞു.
അന്നത്തെ വിദേശകാര്യമന്ത്രി ഇ അഹമ്മദ് വഴി സൗദി രാജാവിന് ദയാഹര്‍ജി സമര്‍പ്പിക്കുന്നു. കുടുംബം മാപ്പ് നല്കാന് തയാറാകുന്നില്ല. 2017 ഒക്ടോബര്‍ 12ന് റിയാദ് ജനറല്‍ കോടതി പ്രത്യേക ബെഞ്ച് വധശിക്ഷ മരവിപ്പിക്കുന്നു. മോചനദ്രവ്യം നഷ്ടപരിഹാരമായി അനസിന്റെ ബന്ധുക്കള്‍ക്ക് ആവശ്യപ്പെടാനാകും എന്നായിരുന്നു വിധി. 2017 നവംബറില്‍ കോടതി വിധിയ്ക്കെതിരെ സൗദി കുടുംബം റിയാദ് ക്രിമിനല്‍ കോടതിയില്‍ വീണ്ടും അപ്പീല്‍ നല്കി. 2019 ഒക്ടോബര്‍ 31ന് വധശിക്ഷ ശരി വച്ച് പുതിയ വിധി വന്നു. 25 തവണ കോടതി വാദം കേട്ടു. 2021 ഒക്ടോബര്‍ 3ന് കോടതി പ്രത്യേക അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. 2021 നവംബര്‍ 17ന് അഞ്ചംഗ ബെഞ്ച് വധശിക്ഷ ശരിവച്ചു. 2023 നവംബറില്‍ 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ സൗദികുടുംബം മാപ്പുനല്കാന് സമ്മതം അറിയിച്ചു. തുടര്‍ന്ന് നിയമ സഹായ സമിതി രൂപീകരിച്ച് ക്രൌഡ് ഫണ്ടിങിനുള്ള ശ്രമം ആരംഭിച്ചു.
2024 ഏപ്രില്‍ 12ന് ഏഴ് ദിവസം കൊണ്ട് മലയാളികള്‍ 47 കോടി രൂപ സമാഹരിച്ചു. അബ്ദുള്‍ റഹിമിന്റെ ഉമ്മയുടെ കണ്ണുകളില്‍ പ്രത്യാശയുടെ വെളിച്ചം കണ്ട ദിവസങ്ങളായിരുന്നു പിന്നീട്. ജൂണ്‍ 3-ന് തുക കോടതിയില്‍ കെട്ടി. ജൂലൈ 2-ന് മാപ്പ് നല്കാന് തയാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. പിന്നാലെ, അബ്ദുള്‍ റഹിമിന്റെ ഉമ്മ സൗദിയിലെ ജയിലിലെത്തി മകനെ കണ്ടു.
2024 നവംബര്‍ പതിനേഴിന് മോചനക്കേസ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും വീണ്ടും മാറ്റി. 19 വര്‍ഷം ശിക്ഷ പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. 2025 ജൂണില്‍ ശിക്ഷാ കാലാവധിയായ 20 വര്‍ഷം അനുഭവിക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു. ആ ശിക്ഷാകാലാവധിയാണ് മെയ് 19ന് അവസാനിച്ചത്.









