1.048 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.048 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ കോഴിക്കോട് കല്ലായി റോഡിലെ ലോഡ്ജിൽ നിന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് യാസിൻ (34), ഉമ്മളത്തൂർ സ്വദേശി അബ്ദുൾ മുനീർ (27) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
പാളയം സ്റ്റാൻഡ് പരിസരത്ത് യുവാക്കൾക്കും വിദ്യാർഥികൾക്കും ലക്ഷദ്വീപ് ഭാഗത്തുനിന്നെത്തിയ ഒരാൾ ലഹരി വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കല്ലായി റോഡിലെ ലോഡ്ജിൽ നിന്ന് കഞ്ചാവുമായി പിടികൂടിയത്.
കസബ ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ് ടി.കെയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചോദ്യംചെയ്യലിൽ നിന്ന് മറ്റ് ലഹരി വിൽപ്പനക്കാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചതായി അറിയിച്ചു. ഇവരെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്.
കസബ സബ് ഇൻസ്പെക്ടർ ഷൈജു സി., എ.എസ്.ഐമാരായ സജേഷ് കുമാർ പി., ഷൈജു വി., രജീഷ് എൻ., എസ്.സി.പി.ഒമാരായ ഷിജിത്ത് കെ., ദീപു പി., സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു എം., സുജിത് സി.കെ. എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.












