കൊയിലാണ്ടി നന്തി കടലൂരിൽ തെരുവുനായ ആക്രമണം; എട്ട് പേർക്ക് പരിക്ക്

കൊയിലാണ്ടി: നന്തി കടലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. തെക്കേ കമ്മാടത്തിൽ ഹാജിറ, പീടികവളപ്പിൽ മുഹമ്മദ്, തൈക്കണ്ടി ഹംദാൻ, കവരംകുന്ന് ജാനു, കരിയിലാടത്ത് നൗഷാദ്, കാളിയേരി കുൽസു, വടക്കേവളപ്പിൽ ജുനൈദ്, കരിയടുകുനി ദേവി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പീടികവളപ്പിൽ മുഹമ്മദിന് കൈക്കും കാലിനുമാണ് കടിയേറ്റത്.
വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ജാനുവിന് വയറിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഭീതി പരത്തിയ നായയെ പിന്നീട് നാട്ടുകാർ ചേർന്ന് കൊന്നു. പരിക്കേറ്റ എട്ട് പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.












