പേരാമ്പ്ര സംഘര്ഷം: 14 പേര്ക്കെതിരെ കേസ്; 4 പോലീസുകാര്ക്ക് പരിക്ക്

പേരാമ്പ്രയില് കോളേജ് തിരഞ്ഞെടുപ്പിനെച്ചൊല്ലി ടൗണിലുണ്ടായ സംഘര്ഷത്തില് 14 പേര്ക്കെതിരെ പോലീസ് കേസെടുത്തു. എട്ട് ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കും ആറ് യുഡിഎഫ് പ്രവര്ത്തകര്ക്കും എതിരെയാണ് കേസ്. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് പേരാമ്പ്ര ബസ് സ്റ്റാന്ഡിന് സമീപം ഇരുവിഭാഗം സംഘങ്ങള് മാരകായുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്ഷത്തെ തുടര്ന്ന് കോഴിക്കോട്-കുറ്റ്യാടി റോഡില് ഗതാഗതം പൂര്ണ്ണമായി തടസ്സപ്പെടുകയും ടൗണിലെ വ്യാപാര സ്ഥാപനങ്ങള്ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. സ്ത്രീകളും വിദ്യാര്ത്ഥികളും ഉള്പ്പെടെയുള്ള യാത്രക്കാര് ഇതോടെ ഭീതിയിലായി.
സ്ഥലത്തുണ്ടായിരുന്ന സര്ക്കിള് ഇന്സ്പെക്ടര് അനില്കുമാര് എം.കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെ തിരിഞ്ഞ് വ്യാപകമായി കല്ലെറിഞ്ഞു. തുടര്ന്ന് പോലീസ് ലാത്തിച്ചാര്ജ് നടത്തുകയും ടിയര് ഗ്യാസ് പ്രയോഗിക്കുകയും ചെയ്താണ് രാത്രി 7:30-ഓടെ രംഗം ശാന്തമാക്കിയത്.
പ്രതികളുടെ ആക്രമണത്തില് പരിക്കേറ്റ എസ് ഐ സൗരവ് കൃഷ്ണ, സി.പി.ഒ മാരായ സുജിഷ്, ഷിമിത്, അജയ് എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് കാവല് ശക്തമാക്കിയിട്ടുണ്ട്.












