ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കം: ചേമഞ്ചേരി വില്ലേജ് ഓഫീസിലേക്ക് സി.പി.ഐ (എം) ബഹുജന മാര്‍ച്ച്

ചേമഞ്ചേരി: സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ സി.പി.ഐ (എം) ചേമഞ്ചേരി, കാപ്പാട്, വെങ്ങളം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സഹകരണ സംഘങ്ങള്‍ വഴി ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന ജനകീയ രീതി നിര്‍ത്തലാക്കി, ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കാനുള്ള നീക്കം ലക്ഷക്കണക്കിന് പാവപ്പെട്ട പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്. ഈ അട്ടിമറി നീക്കത്തില്‍ പ്രതിഷേധിച്ചാണ് വന്‍ ജനപങ്കാളിത്തത്തോടെ മാര്‍ച്ച് നടത്തിയത്. ബഹുജന മാര്‍ച്ച് സി. ഐ. റ്റി. യു (CITU) ഏരിയ സെക്രട്ടറി സി. അശ്വനീദേവ് ഉദ്ഘാടനം ചെയ്തു.
ജനകീയമായ പെന്‍ഷന്‍ വിതരണ സംവിധാനം തകര്‍ത്ത് പദ്ധതി തന്നെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചടങ്ങില്‍ വി. പി. രാജീവന്‍ അധ്യക്ഷത വഹിച്ചു. പി. സി. സതീഷ് ചന്ദ്രന്‍, കെ. ശ്രീനിവാസന്‍, എം. നൗഫല്‍, പി. അനീഷ് എന്നിവര്‍ സംസാരിച്ചു.
ക്ഷേമ പെന്‍ഷന്‍ വിതരണം പഴയപടി നിലനിര്‍ത്തുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.










