രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്ക്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭവനയ്ക്കാണ് അദ്ദേഹം പുരസ്‌ക്കാരത്തിന് അർഹനായത്.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ബഹുമതി. മമ്മൂട്ടി പുരസ്ക്കാരം വാങ്ങവേ അതിഥികൾക്കിടയിൽ ഇരുന്ന് അഭിമാനത്തോടെ കൈയടിക്കുന്ന ദുൽഖറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വന്നു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പമാണ് മമ്മൂട്ടി പുരസ്ക്കാരം ഏറ്റുവാങ്ങാനായി എത്തിയത്. ദുൽഖറിനൊപ്പം മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.

1998-ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി.

പത്മ പുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണത്തിൽ 65 പേരാണ് ഇന്ന് അവാർഡുകൾ ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റനുമായിരുന്ന രോഹിത് ശർമ, സിനിമാതാരം ആർ മാധവൻ എന്നിവരും പത്മശ്രീ ഏറ്റുവാങ്ങി. വെള്ളാപ്പള്ളി നടേശൻ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്, വിദ്യാഭ്യാസ വിദഗ്ധൻ പി നാരായണൻ എന്നിവർ രാഷ്ട്രപതിയിൽ നിന്ന് പത്മവിഭൂഷൻ പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിൽ നിന്ന് നർത്തകി കലാമണ്ഡലം വിമല മേനോൻ പത്മശ്രീ അവാർഡ് സ്വീകരിച്ചു. എട്ട് മലയാളികൾക്കാണ് പത്മ അവാർഡുകൾ ലഭിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!