സ്‌പെയിന്‍ സെമി ഫൈനലില്‍; ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെല്‍ജിയത്തെ വീഴ്ത്തി

ഫുട്‌ബോള്‍ ലോകകപ്പിലെ ബെല്‍ജിയത്തിനെ വീഴ്ത്തി സ്‌പെയിന്‍ സെമി ഫൈനലില്‍.ആദ്യ സെമി ഫൈലില്‍ സ്പെയ്ന്‍ – ഫ്രാന്‍സ് പോരാട്ടം.  ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സ്‌പെയിന്‍ ബെല്‍ജിയത്തെ വീഴ്ത്തിയത്. ഇരുടീമുകളും മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ പാസിലും പന്ത് കൈവശം വയ്ക്കുന്നതിലും സ്‌പെയിന്‍ മികച്ചുനിന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ ബെല്‍ജിയത്തിനും സാധിച്ചു. ആദ്യ പകുതിയില്‍ സ്‌പെയിനും ബെല്‍ജിയവും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വരാന്‍ കുറച്ച് സമയം വേണ്ടി വന്നു. 30ാം മിനുട്ടിലാണ് സ്‌പെയിന്‍ മുന്നിലെത്തിയത്. ഫാബിയാന്‍ റൂയിസായിരുന്നു ഗോള്‍ നേടിയത്. താരത്തിന്റെ ഗോള്‍ വന്നതോടെ സ്‌പെയിന്‍ അനായാസം ജയം നേടുമെന്നാണ് ആരാധകര്‍ അടക്കം കരുതിയത്.

മികച്ച വണ്‍ ടു പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. കോര്‍ട്ടോയിസ് ഈ ഷോട്ട് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ റൂയിസ് വലകുലുക്കുകയായിരുന്നു. ഇതിനോടകം നിരവധി മുന്നേറ്റങ്ങള്‍ കോര്‍ട്ടോയിസ് തടുത്തിടുന്നതാണ് കണ്ടത്. പിന്നീടും സ്‌പെയിന്‍ പന്തടക്കം കൊണ്ട് ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിങ്ങിലേക്ക് അത് എത്തിക്കുന്നതില്‍ ടീം വന്‍ പരാജയമായി. ബെല്‍ജിയത്തിനെ വിലകുറച്ച് കണ്ടതിന് സ്‌പെയിനിന് വൈകാതെ തന്നെ തിരിച്ചടിയും ലഭിച്ചു. ഒരു ഗോളിന്റെ ബലത്തില്‍ ആദ്യ പകുതി അവസാനിപ്പിക്കാനിരിക്കെയാണ് സ്‌പെയിനിന് ബെല്‍ജിയം 41ാം മിനുട്ടില്‍ തിരിച്ചടി നല്‍കിയത്. ചാള്‍സ് ഡി കെറ്റലേരയായിരുന്നു സ്‌കോറര്‍.

സ്‌പെയിനിന്റെ പ്രതിരോധ വീഴ്ച്ച മുതലെടുത്ത് തകര്‍പ്പനൊരു ക്രോസില്‍ അതിലും മികച്ചൊരു ഹെഡ്ഡറിലാണ് കെറ്റലേര സ്‌കോര്‍ ചെയ്തത്. ബെല്‍ജിയം ഫാന്‍സിന് ജീവവായു തിരിച്ചുകിട്ടിയത് ഈ ഗോളിലൂടെയായിരുന്നു. കെറ്റലേര സ്‌പെയിനിന്റെ ഓഫ്‌സൈഡ് ട്രാപ് കൂടിയാണ് ഇതിലൂടെ പൊളിച്ചത്. താരത്തെ മാര്‍ക്ക് ചെയ്യുന്നതിലും സ്പാനിഷ് പ്രതിരോധം പരാജയമായി. ഈ ഗോളോടെ ആദ്യ പകുതി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് അവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാം പാതിയില്‍ കൂടുതല്‍ പ്രെസിങ്ങിനും പാസിനും സ്‌പെയിന്‍ പ്രാധാന്യം നല്‍കിയപ്പോള്‍ അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിക്കുന്നത് കുറഞ്ഞു.

സ്‌പെയിന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നതിനിടെ പലതവണ ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസ് ബെല്‍ജിയത്തിന്റെ രക്ഷകനായി. എന്നാല്‍ കോര്‍ട്ടോയിസ് പരുക്കേറ്റ് പുറത്തുപോയതിന് ശേഷമാണ് സ്‌പെയിന്‍ വിജയഗോള്‍ നേടുന്നത്. പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറിനോ വീണ്ടും സ്‌പെയിനിന്റെ രക്ഷകനാവുകയായിരുന്നു. 88ാം മിനുട്ടില്‍ കുബാര്‍സിയുടെ മിന്നല്‍ ഷോട്ട് പകരക്കാരനായി എത്തിയ സെന്നെ ലെമ്മണ്‍സ് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ മെറിനോ വലകുലുക്കുകയായിരുന്നു. പിന്നീട് ബെല്‍ജിയത്തിന് തിരിച്ചടിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!